പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍
പണ്ഡിതന്, പ്രഭാഷകന്‍, താര്‍ക്കികന്‍, മുദരിസ്. ആലപ്പുഴ ജില്ലയിലെ കറ്റാനം സ്വദേശി പതിയാരകത്ത് ശിഹാഹുദ്ദീന്‍ എന്നവരുടെ മകനായി 1919-ല്‍ ജനിച്ചു. പതിയാരകത്ത് എന്ന വീട്ടുപേരിന്റെ ചുരുക്കമാണ് പതി. ഓച്ചിറ വടക്കേപള്ളിയില്‍ ദര്‍സ് നടത്തിയിരുന്ന അരീക്കോട് വിളയില്‍ പറപ്പൂര്‍ സ്വദേശി വാഴക്കാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍ക്കുകീഴില്‍ പഠനം പൂര്‍ത്തിയാക്കി. തിരുവിതാംകൂറിലെ തീപ്പൊരി പ്രഭാഷകനായിരുന്ന അദ്ദേഹം വാദപ്രതിവാദത്തിവും ഖണ്ഡനത്തിലും ശ്രദ്ധേയനായിരുന്നു. പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ക്ഷണമനുസരിച്ച് 1949 മാര്‍ച്ച് 30-ന് കൊണ്ടോട്ടിക്കടുത്ത നെടിയിരുപ്പിലാണ് പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വലിയ തരംഗം സൃഷ്ടിച്ചു. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ നവീന പ്രസ്ഥാനങ്ങള്‍ക്കെതിരെ നിരന്തരം ജനങ്ങളെ ഉല്‍ബുദ്ധരാക്കുകയും പാരമ്പര്യ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ മുസ്‌ലിം പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു. മഞ്ചേരി, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, പഴയങ്ങാടി, മുട്ടം, തലശ്ശേരി, പറവണ്ണ, കടവത്തൂര്‍, കാര്യവട്ടം, വേങ്ങര, പരപ്പനങ്ങാടി, പൂനൂര്‍, താനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രഭാഷണങ്ങളും വാദപ്രതിവാദവും നടത്തി. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍. അബ്ദുള്ള മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഖണ്ഡനപ്രസംഗത്തിനും വാദപ്രതിവാദത്തിനും രംഗത്തിറങ്ങുന്നത് പതിയുടെ പ്രേരണ മൂലമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ വളര്‍ത്തുന്നതിലും പട്ടിക്കാട് ജാമിഅ നൂരിയ്യ, പെരിന്തല്‍മണ്ണ മീറാസുല്‍ അമ്പിയാ മദ്‌റസ തുടങ്ങിയ നിരവധി മതസ്ഥാപനങ്ങള്‍ ഉയര്‍ന്നു വരുന്നതിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് പങ്കുണ്ട്. ആദര്‍ശ പ്രചാരണത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ അധ്യാപകനായും സേവനം ചെയ്തു. 1950-ല്‍ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബി മദ്‌റസ, യതീംഖാന എന്നിവയുടെ മാനേജറും സ്വദര്‍ മുദരിസുമായി നിയമിക്കപ്പെട്ട അദ്ദേഹം രണ്ട് വര്‍ഷം സേവനം തുടര്‍ന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ജലാലത്തിന്റെ ഇസ്മിനെ കനപ്പിക്കുന്ന വിഷയത്തില്‍ നേതാക്കളോട് വിയോജിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 1958 ഡിസംബര്‍ 20-ന് ബേപ്പൂര്‍ ഖാദിയുടെ വസതിയില്‍ വെച്ച് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പതിയുമായി വാദപ്രതിവാദം നടത്തിയിരുന്നു. 1959 മാര്‍ച്ച് 31/1379 ശവ്വാല്‍ 21-ന് കോഴിക്കോട് വെച്ചായിരുന്നു വിയോഗം. ഓച്ചിറ വടക്കേപള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
Post a Comment