അരിപ്ര സി.കെ മൊയ്തീന്‍ ഹാജി
അരിപ്ര സി.കെ മൊയ്തീന്‍ ഹാജി
പണ്ഡിതന്, മുദരിസ്, സൂഫി. 1889-ല്‍ മലപ്പുറം ജില്ലയിലെ അരിപ്ര പാതിരമണ്ണയില്‍ ചൂളയില്‍ കക്കാട്ടില്‍ സഈദലി ഹാജി-ഖദീജ ദമ്പതികളുടെ മകനായി ജനിച്ചു. പ്രശസ്ത ഖാരിആയിരുന്ന അബ്ദുല്‍ഖാദര്‍ മൊല്ലയില്‍ നിന്നും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. അല്‍ഫിയക്കാരന്‍ എന്ന പേരില്‍ പ്രസിദ്ധനായ കൈപ്പറ്റ കുഞ്ഞിമുഹ്‌യിദ്ദീന്‍ മുസ്‌ലിയാരില്‍ നിന്നും ദര്‍സ് പഠനം ആരംഭിച്ചു. പിന്നീട് കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍, കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലും പഠിച്ചു. തുടര്‍ന്ന് 1911-ല്‍ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലേക്ക് പുറപ്പെട്ടു. മൂന്നുവര്‍ഷത്തിലേറെക്കാലം മക്കയിലും മദീനയിലുമായി ചിലവഴിച്ചു. ഹറമിലെ പ്രഗത്ഭരായ പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു. മുഹമ്മദ് സഈദ് ബാ ബസ്വീല്‍, ഉമര്‍ ബിന്‍ അബീബകര്‍ ബാജുനൈദ്, മുഹമ്മദ് സ്വാലിഹ് ബാഫള്ല്‍, മുഹമ്മദ് സഈദ് യമനീ ,ശൈഖ് അബ്ദുള്ള സവാവി, ശൈഖ് അഹ്മദ് ശത്വാ, മുഹമ്മദ് ഹസ്ബുള്ളാഹില്‍ മക്കി തുടങ്ങിയവരാണ് മക്കയിലെ ഗുരുനാഥന്മാര്‍. രണ്ടു മക്കയില്‍ താമസിച്ച ശേഷം ഒരു വര്‍ഷം മദീനയിലും തങ്ങി. ശൈഖ് യാസീന്‍ ബിന്‍ അഹ്മദ്, ശൈഖ് അബുല്‍ അബ്ബാസ് അഹമ്മദ്, യൂസുഫ് നബ്ഹാനി, ഖലീല്‍ അഹമ്മദ് സഹാറന്‍പൂരി തുടങ്ങിയവരാണ് മദീനയിലെ ഗുരുനാഥന്മാര്‍.
വിദേശത്തെ പഠന ശേഷം നാട്ടില്‍ തിരിച്ചെത്തുകയും സ്വദേശമായ അരിപ്രയില്‍ ദര്‍സ് ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ വെല്ലൂര്‍ ബാഖിയാത്തില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. അബ്ദുല്‍ വഹാബ് ഹസ്‌റത്ത്, അബ്ദുല്‍ജബ്ബാര്‍ ഹസ്‌റത്ത്, അബ്ദുറഹീം ഹസ്‌റത്ത് തുടങ്ങിയവര്‍ക്കു കീഴില്‍ മൂന്നു വര്‍ഷം പഠിച്ചു. ബാഖവി ബിരുദം നേടി നാട്ടിലെത്തിയ ശേഷം പാങ്ങില്‍ മൂന്നുവര്‍ഷവും പെരിന്തല്‍മണ്ണ കക്കൂത്ത് പള്ളിയില്‍ ഒരുവര്‍ഷവും ദര്‍സ് നടത്തി. 1921-ന്റെ പശ്ചാത്തലത്തില്‍ അധ്യാപനം ഉപേക്ഷിച്ച് വീണ്ടും വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു. മടങ്ങിവന്ന ശേഷം ബേപ്പൂരില്‍ ദര്‍സ് പുനരാരംഭിച്ചു. ഒരു വര്‍ഷത്തെ സേവനത്തിനു ശേഷം മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂമില്‍ മുദരിസായി. ഇടക്കാലത്ത് മേല്‍മുറി പൊടിയാട് ദര്‍സ് നടത്തിയ ശേഷം മണ്ണാര്‍ക്കാട് തന്നെ തിരിച്ചെത്തി. ഹിജ്‌റ 1352-ല്‍ തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ അധ്യാപനം തുടര്‍ന്നു. പിന്നീട് അരിപ്ര, വള്ളുവങ്ങാട്, കരുവാരക്കുണ്ട്, പൊന്നാനി, പുല്ലൂക്കര എന്നിവിടങ്ങളിലും ദര്‍സ് നടത്തി. 12 വര്‍ഷക്കാലം തുടര്‍ച്ചയായാണ് കരുവാരക്കുണ്ട് സേവനം ചെയ്തത്.
നാലുമദ്ഹബുകളിലും ഫത്‌വ നല്‍കാനുള്ള യോഗ്യതയുണ്ടായിരുന്ന അദ്ദേഹം നിരവധി ത്വരീഖത്തുകള്‍ സ്വീകരിച്ചിരുന്ന സൂഫീവര്യന്‍കൂടിയായിരുന്നു. അഹ്‌ലുസ്സുന്നയുടെ ആശയങ്ങളില്‍ കണിശത പുലര്‍ത്തിയതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. പനങ്ങാങ്ങര എം.ടി മൊയ്തുണ്ണിയുടെ മകള്‍ കുഞ്ഞി ഫാത്തിമയാണ് ഭാര്യ. മുഹമ്മദ് മുസ്ലിയാര്‍, സി.കെ സഈദ് മുസ്ലിയാര്‍, അബ്ദുറഹീം മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ ആണ്‍മക്കളാണ്. 1958 മെയ്/1377 ശവ്വാല്‍ 24-നായിരുന്നു വിയോഗം. അരിപ്ര വേളൂര്‍ ജുമുഅത്ത്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.

Post a Comment