ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ(ന:മ)


വെളിച്ചമേ... നയിച്ചാലും...
ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ
ജീവിതത്തില് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാരെന്നു ചോദിച്ചാല് അര്ഥശങ്കക്കിടയില്ലാതെ ഞാന് പറയും എന്റെ പ്രിയപ്പെട്ട ഗുരുവെന്ന്...ജീവിതത്തില് അല്ലാഹു എന്തെങ്കിലും അനുഗ്രഹം നല്കിയിട്ടുണ്ടെങ്കില് അതിലേക്ക് വഴി കാണിച്ചത് ഗുരുവാണെന്ന് തീര്ത്തു പറയും... പഠന കാലത്ത് വലിയ മികവ് കാണിക്കാന് സാധിക്കാത്ത സമയത്തും എടാ നീ അങ്ങനെ ചെയ്യ് എല്ലാം ശരിയാകും എന്ന നിരന്തരമായ ഉപദേശങ്ങളും ശാസനകളും അവിടന്ന് കിട്ടിയതിനാലാണ് ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല് എന്തെങ്കിലുമൊക്കെ ചെയ്യാന് ശ്രമിക്കുന്നത്.

പാഠ്യേതര കാര്യങ്ങളോടായിരുന്നു എനിക്ക് എല്ലാ കാലത്തും താല്പര്യം. കുറച്ചൊക്കെ വായനയും അല്പം എഴുത്തുമൊക്കെയുള്ള കാലത്താണ് ഉസ്താദ് ദാറുതഖ് വയില് ചാര്ജെടുക്കുന്നത്. മദ്രസയില് മൂന്നാം ക്ലാസ് വിദ്യാര്ഥിയായിരുന്ന കാലത്തുതന്നെ ഉപ്പയുടെ കൂടെ ചെറുവാളൂരെന്ന കുഗ്രാമത്തില് എത്തി അനുഗ്രഹം വാങ്ങിയിരുന്ന ബന്ധം കോളേജിലെത്തിയതോടെ കൂടുതല് ശക്തിപ്പെട്ടു. കോളേജിലുള്ള കാലത്ത് കാണാന് ചെല്ലുമ്പോഴെല്ലാം എന്നോട് ചരിത്രവും കുടുംബ പാരമ്പര്യവും അതുസംബന്ധമായ കാര്യങ്ങളാണ് കൂടുതല് സംസാരിക്കുക. ഓരോ വിദ്യാര്ഥികളുടേയും താല്പര്യങ്ങളേയും അഭിരുചികളേയും അറിഞ്ഞ് ഓരോരുത്തരോടും ആ രീതിയില് ഇടപെടാനുള്ള ഉസ്താദിന്റെ കഴിവിനെ ജീവിത കാലത്ത് തിരിച്ചറിയാതെ പോയി എന്നതാണ് ഏറ്റവും വലിയ സങ്കടം. തഫ്‌സീര് ജലാലൈനിയിലെ മറിയം സൂറത്ത് ക്ലാസ് ജീവിതത്തില് എന്നും ഓര്ത്തെടുക്കാന് മാത്രം ആശയസമ്പന്നമായിരുന്നു. നാടന് പാട്ടുകളും മാപ്പിളപ്പെരുമയും ഇമാമീങ്ങളുടെ തഹ്ഖീഖാത്തുകളുമെല്ലാം സമ്മേളിച്ച പ്രഭാതങ്ങളായിരുന്നു ഓരോ ക്ലാസുകളും...

കടമേരി റഹ്മാനിയയിലെ ഔപചാരിക പഠനം കഴിഞ്ഞ് അനുഗ്രഹം വാങ്ങാന് ദാറുതഖ് വയിലെത്തിയ ഞങ്ങളുടെ കൂട്ടത്തില് നിന്ന് എന്നെ പേരെടുത്ത് വിളിച്ച്... സമദ് ഇവിടെ വരൂ... നിന്റെ ജോലി കോളേജും പള്ളിയുമല്ല... നിനക്ക് വേറേ പണിയുണ്ട്... കോളേജില് നിന്നിറങ്ങി ഒരു ആലോചനയുമില്ലാതെ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന ഒരു മാനസികാവസ്ഥ എല്ലാവരിലുമുണ്ടാവാറുണ്ട്... ഈ മാനോനിലിയിലാണ് എന്നോട് അങ്ങനെ പറഞ്ഞത്... ആ വരയാണ് പിന്നീട് ജീവിതത്തില് ഓരോ ഘട്ടങ്ങളിലും വഴി കാണിച്ചത്... ചില കാര്യങ്ങളുമായി സമീപിച്ചാല് നന്നായി ശകാരിക്കും... നല്ല ഉപദേശം നല്കി സമാധാനിപ്പിക്കും..അവസാന കാലത്ത് മാസത്തിലൊരിക്കലെങ്കിലും എന്തെങ്കിലും ആവശ്യത്തിന് കൂടിക്കാഴ്ച നിര്ബന്ധമായിരുന്നു... ചിലപ്പോള് ഇര്ഷാദിനെ വിളിച്ച് അവനോട് ഇവിടെ വരാന് പറയൂ എന്ന് പറയും...

ചിലപ്പോള് എന്തെങ്കിലും കുറിപ്പ് തയ്യാറാക്കാന് ഇര്ഷാദ് മുഖേന ഏല്പ്പിക്കും... അതു സംബന്ധമായി യാത്രയിലും മറ്റും ദീര്ഘമായി സംവദിക്കാന് എനിക്ക് അവകാശമുള്ളതു പോലെയായിരുന്നു... അവസാന കാലത്ത് പ്രത്യേകിച്ചും... കാണുമ്പോഴെല്ലാം എനിക്ക് 500 രൂപ കൈനീട്ടം തരല് ഉസ്താദിന്റെ പതിവായിരുന്നു... തരുമ്പോള് തന്നെ ഇതു ചെലവഴിക്കാനുള്ളതാണ്.. ഇത് നിന്റെ മകന്, അല്ലെങ്കില് ഭാര്യക്ക് പലഹാരത്തിന് എന്ന് പ്രത്യേകം പറയുമായിരുന്നു. അവസാന മുശാവറ യോഗത്തിന് വന്ന അന്ന് ചെന്നു കണ്ടെപ്പോഴും ആ 500 മറന്നില്ല... ഞാന് എന്നും സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കാനായിരുന്നു ഉസ്ദാതിന്റെ ആഗ്രഹം... വിവാദങ്ങളോട് താല്പര്യം കാണിക്കാതെ എന്നും മസ്ലഹത്ത് ആയിരുന്നു അവിടുത്തെ മാര്ഗം... സംഘടനാപരമായ വിവാദങ്ങളോടും ചര്ച്ചകളോടും എന്നും വേദനയോടെയാണ് ഉസ്താദ് സമീപിച്ചത്. അതിനെ തീരെ പ്രോല്സാഹിപ്പിച്ചതായി അറിയില്ല... ഉസ്താദുമായി ബന്ധപ്പെടുന്ന എല്ലാ സംഘാടകര്ക്കും അവിടന്ന് കൈനീട്ടം കിട്ടാതിരുന്നിട്ടില്ല...എന്ത് പ്രയാസമുണ്ടായാലും ഓടിച്ചെല്ലാനുള്ള അഭയമായിരുന്നു ഉസ്താദ്... ആ ജീവിതം വഴിയും വെളിച്ചവുമായിരുന്നു...

ഉസ്താദിന്റെ ജീവിതത്തെ രേഖപ്പെടുത്താന് ഞങ്ങള് പൂര്വ വിദ്യാര്ഥികള് ഒരുങ്ങിയതായിരുന്നു... ആ ഓര്മ ക്രോഡീകരിക്കാന് നിരവധി ആളുകളെ സമീപിക്കേണ്ടതാണ്... നിലവിലെ സാഹചര്യം പ്രതികൂലമായതിനാല് ആ ദൗത്യം നീണ്ടുപോയി... ഇന്ഷാ അല്ലാ... അത് അതിന്റെ സമയത്ത് നടക്കും... എന്നാല്, വ്യക്തിപരമായി ഞാന് തന്നെ ഒരു ഓര്മ ഗ്രന്ഥത്തെക്കുറിച്ചുള്ള ആലോചനയിലാണ്... അവിടത്തോടുള്ള കടപ്പാട് അതുകൊണ്ടൊന്നും തീരില്ലെന്നറിയാം... അല്ലാഹു അവിടത്തോടൊപ്പം നാളെ പാരത്രിക ലോകത്ത് നമ്മെ ഒരുമിച്ച് കൂട്ടട്ടെ...
അബ്ദുസ്സമദ് ടി
കരുവാരകുണ്ട്...