ഒമർ ഖയ്യാം... സ്വപ്ന യുഗത്തിലെ നക്ഷത്രം






      പ്രണയം പരമമായ ഒരു വികാരമാണ്, ഒരു പക്ഷെ അക്ഷരങ്ങൾക് ഉൾകൊള്ളനാവാത്ത വികാരം. അത് പരമാധികാരിയോടാവുമ്പോൾ അവന്റെ അനന്തതയിലേക്കുള്ള പ്രയാണം കൂടെയാവും. അതോടെ ഭൗതികമായ അതിർത്തികൾ അതിന് നഷ്ടപ്പെടുന്നു.ആ ഇടത് പരിമിതമായ ആവിഷ്കാരമാധ്യമങ്ങൾ മാത്രം സ്വന്തമായുള്ള മനുഷ്യൻ താരതമ്യത്തിന് നിർബന്ധിതനാവുന്നു. ഖയ്യാം എഴുത്തുകളുടെ ഒന്നാമത്തെ പേജ് മറിക്കുമ്പോൾ നമ്മൾ അവിടെ എത്തണം.



ഒമർ ഖയ്യാം.. മധ്യകാലം എന്ന സ്വപ്ന യുഗത്തിലെ സ്വപ്ന സഞ്ചാരിയായിരുന്നു അദ്ദേഹം. ദർബാറുകളിലും കൂടാരങ്ങളിലും കാല്പനികത വരച്ചിട്ടിരുന്ന കാവ്യാകുലപതി മനുഷ്യ ചിന്തക്ക് ആധുനിക മനുഷ്യൻ നിർണയിച്ച പരിമിതികളെ ബെധിച്ചിരുന്നു.

കവി,മതപണ്ഡിതൻ,ജ്യോതിശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, തത്വചിന്തകൻ.... അങ്ങനെ ഖയ്യാമിയൻ ചിന്തകളും എഴുത്തുകളും  കടന്ന് ചെല്ലാത്ത ഇടങ്ങൾ കുറവായിരുന്നു.




CE 1048 ൽ ഇന്നത്തെ ഇറാന്റെ ഭാഗമായ നൈസാപൂരിലെ ഷഡിയാഖ് ജില്ലയിലാണ് ഇബ്രാഹിം ഖയ്യാമിന്റെ മകനായി ഒമർ  ഖയ്യാം ജനിക്കുന്നത്. നൈസാപൂർ അല്ല ഇസ്ഥരാബാദ് ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്നൊരു അവതരണമുണ്ട്. പക്ഷെ ബയ്ഹക്കി അതിനെ പൂർണമായും നിഷേധിക്കുകയും ഖയ്യമും പൂർവികന്മാരും നൈസാപൂര്കാരാണ് എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.  ഖയ്യാം എന്നാൽ കൂടാരം കേട്ടുന്നവർ എന്നാണ് അർത്ഥം. ഒമറിന്റെ കുടുംബം പാരമ്പര്യമായി കൂടാരം കേട്ടുന്നവർ ആയിരുന്നത് കൊണ്ടാണ് ആ പേര് വന്നത്. അബുൽ ഫതഹ് ഒമർ ബിൻ ഇബ്രാഹിം ഖയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഖയ്യാമിന്റെ പിതാവ് ഇബ്രാഹിം സൗരാഷ്ട്ര മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് കടന്ന് വന്നതായിരുന്നു എന്നൊരഭിപ്രായം ഖയ്യാമിന്റെ ജീവചരിത്രകാരൻ റഹിം ആർ മാലികിക്ക് ഉണ്ട്. പക്ഷെ മറ്റുള്ള ചരിത്രകാരന്മാർ ആ സാധ്യതയെ നിരകരിക്കുന്നുണ്ട്.ഫതഹ് എന്നൊരു മകൻ ഉള്ളത് കൊണ്ടാണ് അബുൽ ഫതഹ് എന്ന് നാമം വന്നത് എന്നും മാലികി പറയുന്നുണ്ട്. പക്ഷെ വേണ്ട വിധത്തിലുള്ള മറ്റ് തെളിവുകളൊന്നും അതിനും ലഭ്യമല്ല.


നിരക്ഷനായിരുന്ന ഖയ്യാമിന്റെ പിതാവ് അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം നൽകിയിരുന്നു. സുവർണ കാലഘട്ടത്തിലൂടെ കടന്ന് പോവുന്ന നൈസാപൂർ അന്ന് അറിവിന്റെ നഗരമായിരുന്നു. ഇബ്രാഹിം തന്റെ മകനെ ഖാദി മുഹമ്മദ്‌ എന്ന പണ്ഡിതന്റെ അടുക്കൽ വിദ്യാഭ്യാസത്തിനായി അയച്ചു. ഖാദിയും ഖയ്യാമും കണ്ട് മുട്ടുന്നതും അതിനെ തുടർന്നുണ്ടാവുന്ന രസകരമായ സംഭാഷണങ്ങളും ചിന്താവഹമാണ്. ഖാദിയുടെ കൂടെ ചേർന്ന ഖയ്യാം അദ്ദേഹത്തിൽ നിന്ന് ഖുർആൻ, അറബ് ഭാഷ വ്യാഖരണം, സാഹിത്യം, മതപഠനം തുടങ്ങിയ മേഖലകളിൽ ഉന്നതമായ അവഗാഹം നേടി.


അടിസ്ഥാന പഠനങ്ങൾ പൂർത്തിയാക്കിയ ഓമറിനെ ഖാദി ഖ്വാജ അബുൽ ഹസൻ അൽ അമ്പരിയുടെ അടുത്തേക്കയച്ചു. അവിടെ വച് അദ്ദേഹം ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ഗൃഹസ്തമാക്കി. ഒരു ഹാക്കിം ആയിരുന്ന ഖ്വാജക്ക് മറ്റ് സംസ്കാരങ്ങളെ പറ്റിയും നാഗരികതകളെ പറ്റിയുമൊക്ക ഉന്നതമായ ധാരണ ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഖയ്യാം ടോളെമിയുടെ അൽമജസ്റ്റെ എന്ന ഗ്രൻഥം പഠിക്കുന്നത്.


ഖുർആനിലും ഫിഖ്ഹിലുമുള്ള തുടർ പഠനങ്ങൾ ഇമാം മുവഫിക്കിലൂടെ തുടർന്ന ഒമർ തത്വശാസ്ത്ര പഠനങ്ങളിലേക്ക് കടന്നു. അന്നത്തെ പ്രശസ്ത തത്വശാസ്ത്ര പണ്ഡിതൻ ഷെയ്ഖ് മുഹമ്മദ് മൻസൂർ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. ആ കാലത്താണ് ഒമർ ഖയ്യാം പ്രശസ്ത മുസ്ലിം തത്വചിന്തകൻ ഇബ്നു സീനയുടെ ചിന്തകളിൽ ആകൃഷ്ടനാവുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നിർണായക വഴിതിരിവായിരുന്നു അത്.


ഇബ്നു സീനയുടെ സ്വാധീനം ഖയ്യാമിൽ പുതിയ ചിന്താ ധാരകളും പഠന മേഖലകളും തുറന്നിട്ടു. മുസ്ലിം ലോകം ബൗദ്ധിക മേഖലയിലെ സുവർണ കാലഘട്ടത്തിലായിരുന്നെങ്കിലും പണ്ഡിതർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ സമൂഹത്തിനിടയിൽ രൂക്ഷമായ പ്രത്യാഘാതംങ്ങളുണ്ടാക്കുന്ന കാലം കൂടെയായിരുന്നു അത്. പക്ഷെ ഒമർ ഖയ്യാം അതിലൊന്നും ഭാഗവക്കാകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് മാത്രമല്ല അത്തരത്തിലുള്ള ചർച്ചകളിൽ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.


സുന്നി, ശീഈ,ബാത്വിനി,സാഹിരി, ഇഖ്വാൻ സഫ തുടങ്ങി സമുദായം പല ചേരികളായി തിരിഞ്ഞ് രാഷ്ട്രീയവും മതവും പറഞ്ഞു തമ്മിൽ രക്തരൂക്ഷിത കലാപങ്ങളും കൊലപാതകങ്ങളുമായി ജീവിക്കുന്ന കാലത്ത് സ്വയമേ ഒരു സർവകലാശാലയാവുകയായിരുന്നു ഖയ്യാം. ഖയ്യമിന്റെ നിർവചനങ്ങളും കണ്ടെത്തലുകളും എല്ലാ വിഭാഗങ്ങളിലും  കാലഘട്ടങ്ങളിലും സർവ്വ്വംഗീഗൃദം അല്ലെങ്കിലും ഐക്യത്തിന് വേണ്ടി അദ്ദേഹം സൂക്ഷിച്ച നിശബ്ദത ചരിത്രം വിസ്മരിക്കില്ല.


ഇബ്നു സീനയിൽ മനസ്സാ ശിഷ്യത്വം സ്വീകരിച്ചിരുന്ന കാലത്ത് തന്നെ ഇമാമുൽ ഹറമയിനിയുമായും ഇമാം ഗസാലിയുമായും അദ്ദേഹം സൗഹൃദം പുലർത്തിയിരുന്നു.

ശക്തമായ അഭിപ്രായ വ്യത്യാസം ഇമാം  ഗസാലിയുമായി നിലനിൽക്കേ തന്നെ അവർക്കിടയിൽ അഗാധമായ സൗഹൃദവും നിലനിന്നിരുന്നു. പല ചരിത്രഗവേഷകരുടെയും അഭിപ്രായത്തിൽ ഗസാലിയുടെ 'തദ്ഫാതുൽ ഫിലാസഫ ' ഖയ്യാമിന്റെ ചിന്താ ധാരകൾക്കു മറുപടി എന്ന നിലയിൽ എഴുതപ്പെട്ടതാണ്ന്ന് പറയപ്പെടുന്നു.


നൈസാപൂരിൽ ജനങ്ങൾ അറിവിന്റെ കേന്ദ്രങ്ങളായി ജൂവൈനിയോടും ഗസാലിയോടും ചേർന്നെണ്ണിയിരുന്ന ആൾ തന്നെയായിരുന്നു ഖയ്യമും. പാണ്ഡിത്യവും അത് പങ്ക് വെക്കുന്നതിൽ അദ്ദേഹം പുലർത്തിയിരുന്ന സൂക്ഷ്മതയും അദ്ദേഹത്തിന് ഹുജ്ജത്തുൽ ഹഖ് എന്ന സ്ഥാനപ്പര് ലഭിക്കാനിടയാക്കി.


ഒരു പണ്ഡിതൻ എന്ന നിലക്ക് ജനങ്ങൾക്കിടയിൽ മാത്രമായിരുന്നില്ല ഭരണാധികാരികൾക്കിടയിലും ഖയ്യാം സ്വീകാര്യനായിരുന്നു. സുൽത്താൻ മലിക് ഷാഹ് സെൽജൂകിയുടെയും സുൽതാൻ അഹ്‌മദ്‌ സഞ്ചാർ സെൽജൂകിയുടെയും സദസ്സുകളിൽ അദ്ദേഹത്തിന് പ്രത്യേകമായ സ്ഥാനങ്ങളുണ്ടായിരുന്നു.


ഗണിതശാസ്ത്ര മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഉന്നതമാണ്. അന്ന് ലോകത് ജീവിച്ചിരുന്നതിൽ ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞൻ ഖയ്യാം ആയിരുന്നു. ജിയോമെട്രിയുടെ പിതാവായി അറിയപ്പെടുന്ന യുക്ലിടിന് ശേഷം എന്ന നിലക്കാണ് ജിയോമെത്രിയിൽ ഖയ്യാം എണ്ണപ്പെടുന്നത്. നോൺ യുക്ലിടിയൻ തിയറികൾ ജിയോമെത്രിയിൽ കൂടുതൽ ഫലപ്രദമായ രീതിയിൽ ആദ്യമായി ഉപയൊഗിച്ചത് ഖയ്യമായിരുന്നു. അതാണ് ഇന്നത്തെ അവസ്ഥയിലേക്ക് ജിയോമേട്രിക് അൽജിബ്രായുടെ വികാസത്തിന് സഹായിച്ചത്. നവോത്ഥാന കാലത്തെ ഫ്രഞ്ച് തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ഡെകാർതെക്ക് അനലിട്ടികൾ ജിയോമീറ്ററിയിലേക്ക് കൂടുതൽ വെളിച്ചം ഒരുക്കിക്കൊടുത്തത് ഖയ്യാമാണെന്ന് അഭിപ്രായപ്പെടുന്ന ധാരാളം ചരിത്രകാരൻമാരുണ്ട്. യുക്ലിഡിയൻ തിയറികളെ വിമർശ പഠനത്തിന് വിധേയമാക്കിയും  അൽജിബ്രായുമായി ബന്ധപ്പെട്ടും മറ്റുമായി ധാരാളം എഴുത്തുകൾ ഗണിതശാസ്ത്ര മേഖലയിൽ ഖയ്യമിന്റേതായിട്ടുണ്ട്.


അദ്ദേഹത്തിന്റെ മറ്റൊരു ശാസ്ത്രസംഭാവന ജ്യോതിശാസ്ത്ര മേഖലയിലാണ്. ആധുനിക ലോകത്തെ പോലും അത്ഭുതപ്പെടുത്തിയ ജലാലി   കലണ്ടർ അദ്ദേഹത്തിലെ ജ്യോതിശാസ്ത്രജ്ഞന്റെ സംഭവനയാണ്. സൂര്യൻ വെർണൽ ഇക്യുനോക്സിനെ താണ്ടുന്ന കൃത്യമായ കണക്കിലാണ് ജലാലി കലണ്ടറിൽ ഒരു വർഷം ആരംഭിക്കുന്നത്. ജർമൻ ചരിത്രകാരനായിരുന്ന മോറിസ് കണ്ടോറിന്റെ അഭിപ്രായത്തിൽ ചരിത്രത്തിൽ നിർമിക്കപ്പെട്ട കലണ്ടറുകളിൽ ഏറ്റവും മികച്ചത് ജലാലി കലണ്ടർ ആണെന്നാണ്. മെലിക് ഷാഹ് സെൽജൂകിയുടെ കാലത്ത് നിർമിക്കപ്പെട്ട കലണ്ടർ അദ്ദേഹത്തിന്റെ മരണ ശേഷം ഉപയോഗം നിലച്ചു. എന്നാൽ പത്തോൻപതാം നൂറ്റാണ്ടിൽ  ഇറാനിലെ പ്രമുഖ ഭരണകൂടമായിരുന്ന ഖജർ ഭരണകൂടത്തിൽ ജലാലി ആയിരുന്നു കലണ്ടർ. ആധുനിക ഇറാനിലെ ഇന്നത്തെ കലണ്ടറിലും ജലാലി സ്വാധീനമുണ്ട്.


ഇതിനൊക്കെ മുകളിലായി ഖയ്യാമെന്ന കവി പ്രതിഷ്ടിക്കപ്പെടുന്നത്  കൊളോണിയൽ കാലത്താണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയുടെയാണ് എദ്വാർഡ് ഫിട്സ്ജെരാൾഡ് ഖയ്യാമിന്റെ നാലുവരി കവിതസമാഹാരമായിരുന്ന റുബ്ബിയ്യത് ഇംഗ്ലീഷിലേക്ക് തർജമ ചെയ്യുന്നത്. വലിയ രീതിയിലുള്ള വിമർശനങ്ങൾ വരുത്തി വച്ച ഒരു തർജമയായിരുന്നു അത്. ഒമർ ഖയ്യമെന്ന മധ്യകാല ജ്ഞാനകേന്ദ്രത്തെ പൂർണമായും അവഗണിച്ചു ഭൗതികവാദിയും സുഖഭോഗവാദിയുമായ പുതിയൊരു ഖയ്യമിനെ നിർമിച്ചെടുക്കുകയായിരുന്നു ഫിട്സ്ജെരാൾഡ് അവിടെ. വായനയുടെ പലഘട്ടത്തിലും  കിഴക്കിന്റെ ജ്ഞാനകേന്ദ്രത്തോട് പടിഞ്ഞാറിന് ഉണ്ടാവാൻ സാധ്യതയുള്ള മുൻവിധികളുടെ എല്ലാ ചിഹ്നങ്ങളും വളരെ സൂക്ഷ്മതയോടെ കൊണ്ട് നടക്കുന്നതായി കാണാം. വരികളെ പലതിനെയും ദുർവ്യാഖ്യാനം ചെയ്തും മഹത്തായ അദ്ദേഹത്തിന്റെ സംഭാവനകളോട് യാതൊരു വിധ നീതിയും കാണിക്കാത്ത വിധത്തിലുള്ള വ്യക്തിത്വ നിർമിതിയും കൊണ്ട് ഒരു മഹാജ്ഞാനിയെ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ഫിട്സ്ജെരാൾഡ് പൂർണാർത്ഥത്തിൽ ദുർവ്യാഖ്യാനം ചെയ്തു. അതിന്റെ അലയോലികൾ ഡികൊളോണിയൽ കാലത്തെ മുസ്ലിം ചിന്തകരിൽ പോലും സ്വാധീനം ചെലുത്തി.


 ബുക്സ് ഐ ഹാവ് ലവ്ഡ് എന്ന ഗ്രന്ധത്തിൽ ഓഷോ പറയുന്നതായി കാണാം "ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും അതേസമയം, ലോകത്തില്‍ ഏറ്റവുമധികം പാരായണം ചെയ്യപ്പെട്ടതുമായ ഗ്രന്ഥങ്ങളിലൊന്നാണ്‌ റുബയ്യാത്ത്‌. വിവര്‍ത്തനത്തിലാണ്‌ അത്‌ ഗ്രഹിക്കപ്പെടുന്നത്‌. പക്ഷേ, അതിന്റെ ആത്മാവ്‌ തെറ്റിദ്ധരിക്കപ്പെടുന്നു.

റുബയ്യാത്ത്‌ പ്രതീകാത്മകമാണ്‌, വിവര്‍ത്തകന്‍ വളരെ ഋജുബുദ്ധിയായ ഇംഗ്ലീഷുകാരനായിരുന്നു;  ഒട്ടുംതന്നെ പുതുമയെ ഉള്‍ക്കൊള്ളുന്നയാളല്ല. റുബയ്യാത്ത്‌ ഉള്‍ക്കൊള്ളാന്‍ നിങ്ങളില്‍ ആ സര്‍ഗാത്മകത അല്‍പമെങ്കിലും ഉണ്ടാവണം.റുബയ്യാത്ത്‌ മദ്യത്തെയും മദിരാക്ഷിയെയുംകുറിച്ച്‌ സംസാരിക്കുന്നു,  വിവര്‍ത്തകര്‍ നിരവധി പേരുണ്ട്‌…തെറ്റാണ്‌. അവര്‍ക്ക്‌ തെറ്റുപറ്റാതെ നിവൃത്തിയില്ല. എന്തെന്നാല്‍ ഒമര്‍ ഖയ്യാം സൂഫിയായിരുന്നു, തസവൂഫ്‌ ഉള്ളയാള്‍, ജ്ഞാനമുള്ളയാള്‍.

സ്ത്രീയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്‌ ദൈവത്തെക്കുറിച്ചാണ്‌"


വളരെ വ്യക്തമായി തത്വചിന്താമേഖലയിൽ ആറോളം ഗ്രന്ടങ്ങൾ രചിച്ച ഖയ്യാമിന്റെ ചിന്തകളെ വ്യാഖ്യാനിക്കാൻ ഇന്നും യൂറോകേന്ദ്രീകൃത ലോകം ഫിട്സ്ജെറൽഡിന്റെ വികൃതമായ പരിഭാഷ ഉപയോഗിക്കുന്നുണ്ട് എന്നിടത്തു വിസ്‌മൃതിയിലാക്കപ്പെടുന്നത് ലോക ചരിത്രത്തെ തന്നെ നിർണായകമായി സ്വാധീനിക്കുന്ന മധ്യകാലത്തെ ഒരു വിജ്ഞാന ദീപമാണ്.


ഒമർ ഖയ്യാം അദൃശ്യനല്ല അദ്ദേഹത്തിലേക്ക് വെളിച്ചം വീശുന്നതായിട്ട് അദ്ദേഹം തന്നെ എഴുതിയ ധാരാളം ഗ്രന്ഥങ്ങളുണ്ട്, മാത്രമല്ല ബായ്ഹാകിയെയും നിസാമി ആരുഡിയെയും പോലുള്ള ധാരാളം ശിഷ്യന്മാരുമുണ്ട്. അത് കൊണ്ട് തന്നെ ഫിറ്സ്ജെറൽഡിലൂടെ അദ്ദേഹത്തെ വ്യാഖ്യാനിക്കേണ്ട ആവശ്യവുമില്ല. മധ്യ കാലത്തെ മുസ്ലിം തത്വചിന്തകർക്കിടയിലെ പ്രധാന സംവാദവിഷയമായിരുന്നു ഇൽമുൽ കലാം. കാലഘട്ടത്തെ അതിജീവിച്ചു മുസ്ലിം തത്വചിന്തകർക്കിടയിൽ രൂപീകരിക്കപ്പെട്ട വിജ്ഞാന ശാഘ പലവിധത്തിലുള്ള സങ്കീർണതകളിലൂടെയും കടന്ന് പോയിരുന്നു. അതിൽ പ്രധാനപ്പെട്ട വിവക്ഷ ആയിരുന്നു ഇബ്നു സീനിയൻ ചിന്തകൾ. യുക്തിയിൽ അടിസ്ഥാനപ്പെടുത്തിയ ഭൗതിക വാദം എന്ന ആക്ഷേപമൊക്കെ നേരിട്ടിരുന്നേങ്കിലും ദൈവവിശ്വാസത്തിലും ഇസ്ലാമിന്റെ മതചിഹ്നങ്ങൾ ഉൾകൊണ്ടും തന്നെയായിരുന്നു അത് നില കൊണ്ടിരുന്നത്. അതിന്റെ സ്വാധീനം ഖയ്യമിലും ഉണ്ടായിരുന്നു. എന്നാൽ എദ്വാർഡ് ഈ വിശാല ചിന്തയെ ദൈവനിഷേദത്തിൽ അധിഷ്ഠിതമായ യുക്തി ചിന്തയായാണ് വ്യാഖ്യാനിച്ചത്. സ്വതന്ത്ര ചിന്ത എന്നത് ദൈവനിഷേദമാണെന്ന യൂറോപ്യൻ പരിപ്രേക്ഷയം സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ഈ കൈകടത്തലുകൾ. എന്നാൽ   എദ്വാർഡ് കാണാതെ പോയ മതത്തിന്റെ സാന്നിധ്യം എന്നത് ഖയ്യാമിന്റെ ശാസ്ത്രകൃതികളിൽ വ്യക്തമാണ്. ദൈവനാമത്തിൽ അവന്റെ ദൂതനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടായിരുന്നു എല്ലാ ശാസ്ത്ര ഗ്രന്ഥങ്ങളും ഖയ്യാം എഴുതിയിരുന്നത്. ഓക്സിഫോർഡ് ലൈബ്രറിയിലെ ഒരു കവിതാ സമാഹാരത്തിലൂടെ ഖയ്യമിനെ വ്യാഖ്യാനിക്കാന് ശ്രമിച്ചതിലെ പരാജയമാവാം ആ മഹാജ്ഞാനിയെ ഉൾക്കൊള്ളുന്നതിൽ നിന്ന് ഫിട്സ്ജെറൽഡിനെ പിന്നോട്ടടിച്ചത്.


നിരവധി സംഭവനകളും സങ്കീർണതകളും മനുഷ്യവംശത്തിന് സമ്മാനിച്ച മഹാജ്ഞാനി നൈസാപൂരിൽ അന്ത്യവിശ്രമം കൊള്ളുന്നു.


Muhammed Ismail Ibrahim